കൊല്ലങ്കോട്: നെന്മേനിയിൽ മണ്ണിൽ പൊന്നുവിളയിച്ച് വിജയഗാഥ രചിച്ച പാടശേഖരസമിതി അംഗങ്ങൾ സന്തോഷ ലഹരിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ ഇക്കൊല്ലത്തെ കെ. വിശ്വനാഥൻ സ്മാരക നെൽക്കതിർ അവാർഡ് നെന്മേനി പാടശേഖര സമിതിക്ക്. മൂന്നുലക്ഷവും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം.
നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രീതിയിൽ ഗ്രൂപ്പ് ഫാമിംഗ് നടപ്പാക്കുന്ന പാടശേഖര സമിതികളെ ആദരിക്കുന്നതിനുമാണ് പുരസ്കാരം എല്ലാവർഷവും നൽകി വരുന്നത്. തെന്മല താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ സമിതി, കൊല്ലങ്കോട് കൃഷിഭവൻ കീഴിലെ പാടശേഖരങ്ങളിൽ ഏറ്റവും വിസ്തൃതികൂടിയ ഒന്നാണ് (275 ഏക്കർ). വിനോദസഞ്ചാരികളുടെ മനംകവരുന്ന കുടിലിടവും, താമരപ്പാടവും ഇതിൽ ഉൾപ്പെടുന്നു.
രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ഒന്നാംവിളയ്ക്ക് മുന്നോടിയായി പയർവർഗങ്ങളും ഡെയ്ഞ്ചയും വിതച്ച് പുട്ടി ഉഴുതുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർ സ്വന്തമായി ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നീ ജീവാണു വളങ്ങൾ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിച്ച് 100 ഏക്കർ സ്ഥലത്ത് പ്രയോഗിക്കുന്നതു പുരസ്കാരനേട്ടത്തിനു തുണയായി. സംസ്ഥാന വിത്തു വികസന അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ നെൽവിത്ത് നൽകുന്നത് കൊല്ലങ്കോടാണ്.
സക്കീർ ഹുസൈൻ എന്ന കർഷകൻ അന്യസംസ്ഥാന ഇനങ്ങളും കേരളത്തിന്റെ തനത് ഇനങ്ങളും ഉൾപ്പെടെ നിരവധി നെൽവിത്തുകൾ ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഭാരതീയ പ്രകൃതികൃഷി പദ്ധതി, നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് തുടങ്ങി നിരവധി കേന്ദ്ര- സംസ്ഥാന പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്.
പാടവരമ്പുകളിൽ ചെണ്ടുമല്ലിയും, സൂര്യകാന്തിയും വച്ചുപിടിപ്പിച്ചും ഫാം ടൂറിസം പ്രയോജനപ്പെടുത്തിയും സമിതി മാതൃകയായി. കഴിഞ്ഞ 28 വർഷമായി ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം ക്ഷേത്രങ്ങളിലേക്ക് കതിര്ക്കറ്റകൾ നൽകുന്നത് നെന്മേനി പാടശേഖരത്തിൽ നിന്നാണ്.ഇതിനുള്ള പുത്തരിക്കൊയ്ത്ത് നടത്തുന്നത് ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടത്തുനിന്നാണ്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ 1.05 കോടി രൂപ ചെലവഴിച്ച് സമിതിക്കായി പുതിയ കാർഷിക സംഭരണശാല നിർമിച്ചിട്ടുണ്ട്.
ആർ. കൃഷ്ണകുമാർ പ്രസിഡന്റും പി. രാജൻ സെക്രട്ടറിയുമായ സമിതിയാണ് നെന്മേനി പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.